Saturday, February 16, 2008

പച്ച പനംതത്തേ : pacha panam

ചിലപ്പോള്‍ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാകാറുണ്ട്. അത്തരത്തിലൊരു ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ എം. ജയചന്ദ്രന്റെ ‘പച്ച പനം തത്തേ..’. ഇതിന്റെ വരികള്‍ ഏതോ വളരെ പഴയ നാടകത്തില്‍ നിന്നുള്ള പൊന്‍‌കുന്നം ദാമോദരന്റെ കവിതയാണെന്ന് എന്റെ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കരയോക്കെയുടെ അകമ്പടിയോടെ പാടിയിരിക്കുന്നു (ഫ്രീ കരയോക്കെക്ക് shyju.com ന് സ്തുതി!)


ഒരു നാടന്‍ പാട്ടുപോലെ തോന്നിപ്പിക്കുന്ന ഈ പാട്ടിനുപിന്നില്‍ ഒരു രാഗം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഈയടുത്തു വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എന്റെ ജ്യേഷ്ടനാണ് പറഞ്ഞത് ഇത് മുഖാരിരാഗത്തിലാണെന്ന് ഏതോ റേഡിയോ പരിപാടിയില്‍ കേട്ടെന്ന്. എനിക്കു തീരെ വിശ്വാസം വന്നില്ല. എന്നാല്‍ ഏതോ രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ഈ പാട്ട് മൂളി നോക്കിയപ്പോള്‍ ചെന്നെത്തിയത് ‘എന്‍രൈക്കു ശിവകൃപൈ വരുമോ’ എന്ന മുഖാരി കൃതിയിലാണ് ! കീബോര്‍ഡില്‍ വായിച്ചു നോക്കിയപ്പോഴും മുഖാരിയുടെ സ്വരങ്ങള്‍ തന്നെ. മുഖാരി രാഗം വളരെ വ്യത്യസ്തമായ പല അവതാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വായിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് അടുത്ത തലമുറയിലെ രവീന്ദ്രന്‍ എന്ന് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.

A melody with rustic charms by M. Jayachandran from the film Nottam.ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Pacha panam thathe
ഗാനം : പച്ച പനംതത്തേ

Raagam : Mukhari
രാഗം : മുഖാരി

Film: Nottam
ചിത്രം: നോട്ടം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Ponkunnam Damodaran
രചന : പൊന്‍‌കുന്നം ദാമോദരന്‍

11 comments:

കിഷോര്‍:Kishor said...

Song : Pacha panam thathe
ഗാനം : പച്ച പനംതത്തേ

Raagam : Mukhari
രാഗം : മുഖാരി

Film: Nottam
ചിത്രം: നോട്ടം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Ponkunnam Damodaran
രചന : പൊന്‍‌കുന്നം ദാമോദരന്‍

എതിരന്‍ കതിരവന്‍ said...

ഇതു മുഖാരിയാണോ? അദ്ഭുതം! കഥകളിയിലൊക്കെ മുഖാരി ഉപയോഗിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് അത്ര അപരിചിതമല്ല.

“പച്ചപ്പനംതത്തെ...” വളരെ പോപുലര്‍ ആയിരുന്ന നാടക ഗാനമാണ്. കാവ്യഗുണം തികഞ്ഞതും. (“അക്കാണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞു, അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ ഈണമായെന്‍ കിളിയെ” എന്തു ഭംഗി!)

എം.ജയചന്ദ്രന്‍ ഇതിന്‍ പഴി കേള്‍ക്കേണ്ടി വന്നത് ഇത് “പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു...” തന്നെ അല്ലേ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ്.

മുഖാരിയില്‍ ഉള്ള “കൃഷ്ണം കലയ സഖി സുന്ദരം...” നൃത്തരൂപത്തില്‍ അവതരിപ്പിച്ചത് കണ്ടിട്ടുണ്ട്.

കിഷോര്‍:Kishor said...

എതിരന്‍,
ഇതു മുഖാരിയാണെന്നത് എനിക്കിനിയും മുഴുവനായി ദഹിക്കാത്ത കാര്യമാണ്. എന്നാല്‍ ഇത് “പൊട്ടിത്തകര്‍ന്ന കിനാവി”ന്റെ കോപ്പിയാണെന്ന് പറയുന്നത് ജയചന്ദ്രനോടുള്ള പാതകമാവും! പല്ലവിയുടെ തുടക്കത്തില്‍ മാത്രം ചില സാമ്യമുണ്ടെന്നേ ഉള്ളൂ. പിന്നീട് “പൊട്ടിത്തകര്‍ന്ന“ത് വേറോരു വഴിക്കാണ് പോകുന്നത്.

വളരെ നല്ല കവിത.

മൂര്‍ത്തി said...

ഈ ഗാനത്തെക്കുറിച്ചുള്ള വിവാദം നടക്കുന്ന സമയത്ത് ശ്രീ.എം.ജയചന്ദ്രന്‍ ടി.വിയില്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഏതാണ്ട് ഇരുപതോ ഇരുപത്തി അഞ്ചോ ട്യൂണുകള്‍ ഈ ഗാനത്തിനുവേണ്ടി തയ്യാറാക്കിയിരുന്നുവെന്നും അതില്‍ നിന്ന് സംവിധായകന് ഇഷ്ടപ്പെട്ടതാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. നാലോ അഞ്ചോ ട്യൂണുകളില്‍ ഇത് പാടിക്കേള്‍പ്പിക്കുകയും ചെയ്തു.

ശ്രീ said...

വളരെ നല്ലൊരു ഗാനമാണ്‍ ഇത്. നന്ദി.


മൂര്‍ത്തിയേട്ടന്‍ പറഞ്ഞ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു.
:)

കിഷോര്‍:Kishor said...

മൂര്‍ത്തി, ശ്രീ
കമന്റിനു നന്ദി.

പൊന്‍‌കുന്നം ദാമോദരന് മരണാനന്തര ബഹുമതിയായി ഗാനരചനക്കുള്ള 2005ലെ സംസ്ഥാന അവാര്‍ഡു ലഭിച്ചു എന്ന് മലയാളത്തില്‍ ഗൂഗിള്‍ ചെയ്തു നോക്കിയപ്പോള്‍ കണ്ടുപിടിക്കാനായി.

ശ്രീലാല്‍ said...

മച്ചാട് വാസന്തി എന്ന ഗായികയാണ് അന്ന് ഈ ഗാനം നാടകത്തിനു വേണ്ടി ആലപച്ചിത്. അവരുമായി ഒരഭിമുഖം ഈ ഗാനം വിവാദമായ സമയത്ത് വന്നിരുന്നു. അതില്‍ അവര്‍ അതിന്റെ അന്നത്തെ ട്യൂണ്‍ പാടിയിരുന്നത് കേട്ടത് ഓര്‍മ്മയുണ്ട്.

ഈ ഗാനം തന്നെ കോഴിക്കോട് അബ്ദുള്‍ഖാദറും പാടിയിട്ടുണ്ടെന്ന് വായിച്ച ഓര്‍മ്മ.

നെറ്റില്‍ ഒന്ന് മുങ്ങിത്തപ്പിയപ്പോള്‍ കിട്ടി മച്ചാട് വാസന്തിയുമായി ഉള്ള ആ അഭിമുഖത്തില്‍ അവര്‍ പാടിയ ഭാഗം. ക്വാളിറ്റി വളരെ കുറവാണ് എങ്കിലും കേള്‍ക്കാം. ഇത് ഷെയര്‍ ചെയ്തു തന്ന അശ്വിന്‍ എന്ന സുഹൃത്തിനു നന്ദി.

കിഷോര്‍:Kishor said...

താങ്ക്സ് ശ്രീലാല്‍.. വാസന്തിയുടെ പാട്ടു ഞാന്‍ കേട്ടു. ചരിത്രമുറങ്ങുന്ന ഒരു പാട്ടു തന്നെയാണിത്.

വാല്‍മീകി said...

കൊള്ളാം കിഷോര്‍ ഭായ്. നന്നായിട്ടുണ്ട്.
മുഖാരിയില്‍ ചെയ്ത വേറെ ഏതൊക്കെ ഗാനങ്ങള്‍ ഉണ്ട്?

കിഷോര്‍:Kishor said...

താങ്ക്സ് വാല്‍മീകി..

മുഖാരി ലിങ്കില്‍ ഞെക്കിയാല്‍ രാഗകൈരളിയില്‍ ലിസ്റ്റു ചെയ്ത രണ്ടു പാട്ടൂകള്‍ കാണാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം.പാടാനും കേള്‍ക്കാനും ഏറെ സുഗമുള്ളൊരു ഗാനമാണത്.